6x4 ഫ്രെയിമില്‍ ഉറപ്പിച്ച തകിടുകൊണ്ടുള്ള ബോര്‍ഡില്‍ പച്ച ബാക്ഗ്രൌണ്ടില്‍ നീല ജേഴ്സിയണിഞ്ഞ റൊബര്‍ട്ടോ ബാജിയോയുടെ ചിത്രം.. 94-ല്‍ ലോകകപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് നാട്ടില്‍ ക്ലബിനു മുന്നില്‍ റോഡ് സൈഡില്‍വച്ചിരുന്ന, ചുവട്ടില്‍ ‘ജി.വി. രാജ സ്പോര്‍ട്സ് ക്ലബ് പൂഞ്ഞാര്‍’ എന്നും സൈഡില്‍ ചെറിയ അക്ഷരത്തില്‍, ‘ഡോണാ‘(പെയ്ന്ററുടെ സ്ഥാപനത്തിന്റെ പേര്) എന്നും എഴുതിയിയിരുന്ന ആ ബോര്‍ഡാണ്, എന്നെ സംബന്ധിച്ച്, ലോകകപ്പിനെക്കുറിച്ചുള്ള ഏറ്റവും പഴയ ഓര്‍മ്മ!
ആധുനിക സങ്കേതങ്ങളുടെ കടന്നുവരവോടെ തകരബോര്‍ഡുകള്‍ വെറും തകരപ്പാട്ടകളായിമാറുകയും അതില്‍ പടം വരക്കുന്ന കലാകാരന്മാര്‍ മറ്റു പല സമാന ജോലികളിലേക്കും തിരിയുകയും ഒക്കെ ചെയ്തങ്കിലും, ലോകകപ്പ് എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരാനായി, അല്പം പോലും തുരുമ്പെടുക്കാതെ ഈ ബാജിയോ ചിത്രം ഇന്നും ഓര്‍മ്മയിലുണ്ട്..
——
അടുത്തകാലത്തായി എവിടെയും ഫ്ലക്സ് ബോര്‍ഡുകളാണ് താരങ്ങള്‍.. പാര്‍ട്ടി സമ്മേളനങ്ങളുടെ പരസ്യം, ലോക്കല്‍ കടകളുടെ ബോര്‍ഡ്, എന്ന് വേണ്ട ഒരു ചെറിയ കവലയില്‍ പോലും, വഴിയോരത്തും, കെട്ടിടത്തിനുമുകളിലും ആയി മിനിമം അന്‍പത് ബോര്‍ഡെങ്കിലും കാണും(കുറയ്ക്കണോ?)..
കഴിഞ്ഞ ദിവസം നാട്ടില്‍ പോയവഴിയില്‍ പെട്ടെന്ന് ശ്രദ്ധിച്ചത് ‘വിദ്യാഭ്യാസ പ്രതിഭാസംഗമം’ എന്നെഴുതിയ ബോര്‍ഡാണ്.. സ്കൂളില്‍ പത്തിലും പ്ലസ്‌ടുവിലും ഉന്നതവിജയം നേടിയ കുട്ടികളെയും, ഒപ്പം നാടിന്റെ അഭിമാനമായ സിവില്‍ സര്‍വീസ് ജേതാവിനെയും അനുമോദിക്കുന്ന ചടങ്ങ്..
അങ്ങനെ പലപല ബോര്‍ഡുകള്‍ കാണുന്നതിനിടയില്‍ ഈരാറ്റുപേട്ടയില്‍ കണ്ട ഒരു ബോര്‍ഡില്‍, എന്റെ കൂടെ ഒന്‍പതാം ക്ലാസ് വരെ പഠിച്ച ഒരു സുഹൃത്തിന്റെ ഫോട്ടോ! ദൈവമേ ഇനി ഇവനും ഐ.എ.എസ് കിട്ടിയോ?(അവന്‍ ഒന്‍പതില്‍ വച്ച് പഠിത്തം നിര്‍ത്തി ചേട്ടന്റെ കൂടെ തടി കച്ചവടത്തിനിറങ്ങി എന്ന് അറിയാം.. പിന്നെ കാര്യമായ വിവരം ഒന്നുമില്ല)..
അവന്‍ ഉള്‍പ്പടെ ഒരു അഞ്ചെട്ട് ചെറുപ്പക്കാരുടെ കിടിലന്‍ പടങ്ങള്‍, ഒരു ബോര്‍ഡില്‍!! ഈ സുന്ദരന്മാരുടെ നടുക്ക്, (അതിന്റെ പകുതി വലിപ്പത്തില്‍) ഒരു ചെറിയേ പടം..
ആ ആളെ നമ്മള്‍ അറിയും.. നമ്മുടെ ഫുട്ബോള്‍ കളിക്കാരന് ‘ലയണല്‍ മെസ്സി‘!!!
സംഭവം മറ്റൊന്നുമല്ല! അര്‍ജന്റീന ഫാന്‍സിന്റെ ബോര്‍ഡാണ്.. അതില്‍, നിറഞ്ഞ് നില്‍ക്കുന്നത് ഫ്ലക്സടിപ്പിക്കാന്‍ കാശ് മുടക്കിയവരാണെന്ന് മാത്രം!! കേരളാകോണ്‍ഗ്രസ് (ലയിച്ചത്) ഭാരവാഹികളുടെ സ്ഥാനപ്പേര് പോലെ കുറെ ജനറല്‍ സെക്രട്ടറിയും സെക്രട്ടറി ജനറലും എല്ലാമുണ്ട്..
തിരിച്ച് തിരുവനന്തപുരത്തേക്കുള്ള വഴി പലസ്ഥലത്തും സമാനമായ ബ്രസീല്‍ അര്‍ജന്റീനാ ബോര്‍ഡുകള്‍ കാണേണ്ടിവന്നു.. നമ്മുടെ നാട്ടിലും കായികപ്രേമികളുണ്ട് എന്ന് സന്തോഷിക്കാന്‍ എന്തോ ഈ ഫ്ലക്സുകള്‍ കണ്ടിട്ട് സാധിച്ചില്ല… ദാറ്റ്സ് ഓള്‍..
(പെട്ടെന്നുണ്ടായ ഒരു വികാരത്തില്‍ എഴുതിപ്പോയതാ. ക്ഷമി.)