ഈ വീക്കെണ്റ്റ് കണ്ട രണ്ട് പടങ്ങളുടെ റിവ്യൂ… (അതെ റിവ്യൂ തന്നെ) :-)
1.കൈറ്റ്സ്: റേറ്റിങ്: “കാര്യമായി ഇഷ്ടപ്പെട്ടില്ല”
പൊതുവേ ഹിന്ദിപ്പടങ്ങള്‍ അധികം കാണാറില്ലാഞ്ഞിട്ടും(ഭാഷാപ്രശ്നം) ഇത്രയും ഹൈപ് കിട്ടിയ ഒരു പടം ഈ അടുത്തെങ്ങും ഇറങ്ങിയിട്ടില്ലല്ലോ എന്ന് കരുതിയാണ് കണ്ടേക്കാം എന്ന് വച്ചത്!“വേണ്ടാര്‍ന്നു” എന്ന് തോന്നിത്തുടങ്ങാന്‍ ഹാഫ്ടൈം വരെപ്പോലും എത്തേണ്ടി വന്നില്ല!
നായകനും നായികയും കൂടെ യാതൊരു ന്യായീകരണവുമില്ലാതെ ചുമ്മാ കേറി പ്രേമിക്കുന്നതോടെ, നമ്മുടെ താല്പര്യം കുറഞ്ഞുതുടങ്ങും.. അവര്‍ക്കിടയില്‍ കോമണ്‍ ആയൊരു ഭാഷ പോലും ഇല്ല. (നായികക്ക് സ്പാനിഷ് അല്ലാതെ മറ്റൊന്നും അറിയില്ലന്നേ).. ഇനി പ്രേമത്തിന് കണ്ണും മൂക്കും പോലെ കാതും ഇല്ല എന്നാണ് ഉദ്ദേശിച്ചതെങ്കില്‍, അത്തരത്തിലൊരു പ്രേമം ആണ് അത് എന്ന് മനസ്സിലാക്കിത്തരുന്നതില്‍ സിനിമ പരാജയപ്പെട്ടു!
പിന്നെ ചുമ്മാ കുറെ സ്റ്റണ്ട്/ചേസ് രംഗങ്ങള്‍ കാണാം.. രസകരമായ കുറച്ച് വൈഡ് ആങ്കില്‍ ഷോട്ടുകളും കാണാം.. ഹൃതിക്കിന്റെ അഭിനയം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പാളി.. ബാര്‍ബറ മോറി മൊത്തത്തില്‍ തരക്കേടില്ലട്ടാ.. :-)
വാല്‍: മിക്ക ഹിന്ദിപ്പടത്തിന് പോകുമ്പോളും ഞാന്‍ അനുഭവിക്കുന്ന ഒരു വിഷമം, ഏതെങ്കിലും കോമഡി കേട്ട് ഹിന്ദിക്കാരെല്ലാം ചിരിക്കും, ഞാന്‍ മാത്രം ഉറിയായിട്ടിരിക്കും എന്നതാണ്.. ഇത്തവണ അതുണ്ടായില്ല.. പടത്തില്‍ വലിയ കോമഡി ഇല്ലാത്തതുകൊണ്ട് തന്നെയല്ല. പകുതി സംഭാഷണവും ഇംഗ്ലീഷിലും സ്പാനിഷിലും ആണ്.. കോമഡി പ്രത്യേകിച്ചും സ്പാനിഷിലായതുകൊണ്ട് രക്ഷപെട്ടു.. (എല്ലാവരും ഇംഗ്ലീഷ് സബ് ടൈറ്റിലില്‍ കണ്ണും നട്ട് നിശബ്ദരായിരുന്നു! #ശോകം!)
2) മമ്മി ആന്‍ഡ് മി.. റേറ്റിങ്: “ങാ കണ്ടിരിക്കാം”
@avvishnu വിന്റെകൂടെ ‘മമ്മി ആന്‍ഡ് മി‘ക്ക് പോകുമ്പോള്‍ തരക്കേടില്ലാതെ കണ്ടിരിക്കാന്‍ പറ്റിയ ഒരു പടം എന്നേ ആഗ്രഹിച്ചുള്ളൂ.. ആ പ്രതീക്ഷ തല്ലിക്കെടുത്താത്ത ഒരു സിനിമ തന്നെയായിരുന്നു അത്.. പലസ്ഥലങ്ങളിലും പാളിച്ചകള്‍ പറ്റിയെങ്കിലും, മൊത്തത്തില്‍ കുടുംബത്തോടെ കാണാവുന്ന ഒരു ആവറേജ് പടം..
നല്ല ഒരു തീമാണ് ചിത്രത്തിന്റെ എന്നത് തന്നെ സന്തോഷകരമാണ്.. (അല്ലെങ്കില്‍,ഇക്കാലത്ത് തീമൊക്കെയുള്ള ഒരു പടം ഇറങ്ങി എന്നത് തന്നെ സന്തോഷമല്ലേ)
ദൃശ്യചാരുതകാണിക്കുന്നതിന് ധാരാളം സാധ്യതകളുള്ള ഒരു ലൊക്കേഷനായിട്ടും, അത് അത്രകണ്ട് പ്രയോജനപ്പെടുത്തിയില്ല എന്ന് തോന്നി.. അഭിനയത്തിന്റെ കാര്യത്തില്‍, മുകേഷ് കൊള്ളാം; അര്‍ച്ചന,കുഞ്ചാക്കോ:തരക്കേടില്ല എന്നതാണ് എന്റെ അഭിപ്രായം…
ഉര്‍വ്വശ്ശിയുടെ അഭിനയത്തെക്കുറിച്ച് പറയുകയാണെങ്കില്‍, പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല എന്ന് പറയേണ്ടിവരും.. പല രംഗങ്ങളിലും നന്നായിചെയ്തെങ്കിലും, വികാരതീവ്രതയുള്ള സീനുകളില്‍ പണ്ട് പ്രകടിപ്പിച്ചിരുന്ന് ഒരു കണ്ട്രോള്‍ഡ് അഭിനയം, അല്ലെങ്കില്‍ ത്ന്മയത്വം ഉര്‍വ്വശിക്ക് നഷ്ടമായി എന്ന് തോന്നുന്നു.. അത്രക്ക് സാധ്യത ഉള്ള ഒരു കഥാപാത്രമായിരുന്നു അത്..
കഥ, ചിലയിടങ്ങളില്‍ അല്പം വലിച്ച് നീട്ടിയും, അനാവശ്യമായ ഒന്നുരണ്ട് പാട്ട് കേറ്റി അല്പം ബോറാക്കിയില്ലായിരുന്നെങ്കില്‍, പടം അല്പം കൂടി നന്നാക്കാമായിരുന്നു. (ഇന്റര്‍നെറ്റും ചാറ്റിങ്ങും ഒന്നും എല്ലായ്പ്പോഴും ദോഷകരമല്ല എന്നൊരു മെസ്സേജ്ഉം ചിത്രത്തിലുണ്ട്.. )
വാല്‍: സംവിധായകന്‍ ജീത്തുജോസഫ് കഴിഞ്ഞദിവസം ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നത് കേട്ടു, “ഇതിലെ ഉര്‍വ്വശിയുടെ കഥാപാത്രത്തെ ചെയ്യാനുള്ള നടിയെ കിട്ടത്തതുകൊണ്ട് ഈ പടം 3 വര്‍ഷം വൈകി”എന്ന്.. അതായത്, ‘അച്ചുവിന്റെ അമ്മ’യൊക്കെ ചെയ്ത ഉര്‍വ്വശി 3 വര്‍ഷം ചിന്തിച്ചിട്ടും ജീത്തുവിന്റെ മനസ്സില്‍ വരാത്തതോ, അതോ ഈ കഥാപാത്രം അവരെക്കൊണ്ട് ചെയ്യിക്കാന്‍ ജീത്തുവിന് കോണ്‍ഫിഡന്‍സ് ഇല്ലായിരുന്നതോ?
(ഏയ്, ഉര്‍വ്വശിക്ക് ഡേറ്റില്ലാത്തതുകൊണ്ടായിരിക്കും.. )
-
vinutux liked this
-
dhaneshsnair posted this