“T.D.ദാസന്‍ std 6B” എന്നത്, “മാസ്റ്റര്‍ ടിന്റുമോന്‍ യുകെജി ബി“ എന്നുപറയുന്നപോലെ ഒരു കോമഡിതാരമോ എസ് എം എസ് കഥാപാത്രമോ അല്ല. തികച്ചും സീരിയസായ ഒരു പ്രമേയത്തിന്റെ തരക്കേടില്ലാത്ത ഒരു ചലച്ചിത്രാവിഷ്കാരമാണ്..
******
സെക്കന്റ്ഷോ തുടങ്ങാന്‍ 10 മിനിട്ടുള്ളപ്പോളാണ് ഞങ്ങള്‍ കൈരളി തീയേറ്ററില്‍ എത്തുന്നത്. ടിക്കറ്റെടുത്ത് അകത്ത് കയറുമ്പോള്‍ ബാല്‍ക്കണിയില്‍ ഞങ്ങള്‍ 3പേരെക്കൂടാതെ ആകെ 2പേര്‍!!പിന്നെ പടം തുടങ്ങുമ്പോളും ടൈറ്റില്‍ സമയത്തും ഒക്കെയായി ഒരു 10-12 പേര്‍ കൂടി എത്തിക്കാണും.. എന്തായാലും ആകെ 20ഇല്‍ കൂടില്ല പ്രേക്ഷകരുടെ എണ്ണം..
ടച്ചിങ് ആയ ഒരു കഥയെ നല്ലരീതിയില്‍ ചിത്രീകരിച്ച്, എന്തുകൊണ്ടും ‘നല്ലപടം’ എന്ന് പറയാവുന്ന ഒരു സിനിമക്കാണ് ഈ വിധി എന്നോര്‍ക്കണം..
“ആരും കാണാത്ത ഒരു സിനിമ ഞാന്‍ കണ്ടു എന്ന് നാലാളെ അറിയിക്കുക“ എന്ന്ത് ഒരിക്കലും ഈ പോസ്റ്റിന്റെ ഉദ്ദേശമല്ല, കാരണം നമ്മളെല്ലാവരും കാണുന്ന പലമികച്ചചിത്രങ്ങളും ഒഴിഞ്ഞ സദസിലേക്ക് തന്നെയാണ് മിഴിതുറക്കുന്നത്.
സുബ്രഹ്മണ്യപുരവും, നാടോടികളും മുതല്‍ ടൈറ്റിലില്‍ എവിടെയെങ്കിലും ശശികുമാര്‍ ഉണ്ടെങ്കില്‍ ആ തമിഴ് പടങ്ങളെല്ലാം പോയി കണ്ട് ഹിറ്റാക്കുന്ന നമ്മള്‍ മലയാളികള്‍, വ്യത്യസ്ഥത പുലര്‍ത്തുന്ന ഇത്തരം മലയാള ചിത്രങ്ങളോട് അറിഞ്ഞോ അറിയാതെയോ കാണിക്കുന്ന വിമുഖത, മിനിമം ഇത് വായിക്കുന്ന വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ എങ്കിലും ശ്രദ്ധയില്‍ പെടുത്തുക എന്ന ഒറ്റ ഉദ്ദേശമേ ഈ കുറിപ്പിനുള്ളൂ…
ദാസന്‍ എന്ന ആറാംക്ലാസുകാരന്‍ അവന്റെ ചെറുപ്പത്തില്‍ നാടുവിട്ടുപോയ അച്ഛന് അയക്കുന്ന കത്തുകളും, അതിലൂടെ അവന്‍ വരച്ചുകാട്ടുന്ന ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.. നല്ല കഥ, നാച്വറലായ അഭിനയം, ഇമ്പമുള്ള ഒരു പാട്ട്, മനോഹരമായ ഷോട്ടുകള്‍… ഒരു കൊച്ചുകുട്ടിയുടെ ജീവിതത്തിന്റ്റെ നേര്‍ക്കാഴ്ചയെ സിനിമയാക്കിയപ്പോള്‍ പ്രേക്ഷകന് ലഭിക്കുന്നത് ഇതൊക്കെയാണ് … ഒപ്പം മോഹന്‍ രാഘവന്‍ എന്ന പ്രതിഭാധനനായ ഒരു സംവിധായകനേയും..
കാര്യം ഇതൊക്കെ ആണെങ്കിലും, കോടികളുടെ ത്തിളക്കത്തില്‍ നില്‍ക്കുന്ന (തല്ലിപ്പൊളി) സൂപ്പര്‍താര ചിത്രങ്ങളോട് പൊരുതി, ഈ ചിത്രവും കോടി പുതച്ച് പെട്ടിയിലാകും… ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ്, ഡിവിഡിയിലോ ചാനലിലോ ഈ സിനിമ കാണുമ്പോള്‍ “ഇതെന്താ ഇത്രയും നല്ല പടം ഹിറ്റാവാത്തെ” എന്ന് ആളുകള്‍ ചോദിക്കും..
പുറം മോടിയില്ലാത്ത നല്ല ചിത്രങ്ങളുടെ വിധി, മാറ്റമില്ലാതെ തുടരും…
തീയെറ്ററില്‍ പോയി കാണാന്‍ പറ്റിയില്ലെങ്കിലും, ഡിവിഡി എറങ്ങുമ്പോളെങ്കിലും ഈ സിനിമ കാണാന്‍ ശ്രമിക്കുക.. “നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല“ എന്ന്‍ മാത്രം പറഞ്ഞുകൊള്ളുന്നു!
ചിത്രവിശേഷത്തില്‍ വന്ന റിവ്യൂ..: http://www.chithravishesham.com/2010/04/td-dasan-std-vi-b.html