April 14, 2010
അരങ്ങിലെ അമളികള്‍: തോമസ് പാലാ

വക്കീലിന്റെ  ഈ നാടക പോസ്റ്റ് http://illaakatha.blogspot.com/2010/04/blog-post.html   വായിച്ചപ്പോള്‍ ഓര്‍ത്തതാണ്..  നാ‍ടകത്തെപ്പറ്റി എന്ത് തമാശ കേട്ടാലും പെട്ടെന്ന് ഓര്‍മ്മ വരുന്ന ഒരു തമാശ..ഇപ്പോള്‍ അത് മറ്റൊരു രീതിയില്‍ സുനില്‍ എന്നയാള്‍ ആ പോസ്റ്റിന്റെ കമന്റായി തന്നെ ഇട്ടുകണ്ടപ്പോള്‍ വെറുതെ ഒന്നെഴുതാം എന്നുവച്ചു,…

നിങ്ങളാരെങ്കിലും തോമസ് പാലായുടെ ‘അരങ്ങിലെ അമളികള്‍’ എന്ന് ബുക്ക് വായിച്ചിട്ടുണ്ടോ എന്നറിയില്ല. വക്കീല്‍ എഴുതിയപോലെ രസകരമായ കുറെ നാടക അബദ്ധങ്ങളുടെ ഒരു കളക്ഷനാണ് അത്.. അതിലെ തന്നെ ഏറ്റവും ഹിറ്റ് സംഭവമാണ് ഈ ഹനുമാന്‍ കഥ.

പണ്ട് വായിച്ചതാണെങ്കിലും അതിലെ വാചകങ്ങള്‍ കുറച്ചൊക്കെ മനസ്സിലുണ്ട്..

ഈ കഥ എന്തായാലും എല്ലാവരും കേട്ടിട്ടുണ്ട് എന്നുറപ്പുണ്ട്.. എന്നാലും വെറുതെ എഴുതുന്നു!

*****************

അശോക വനത്തില്‍ ദു:ഖിച്ചിരിക്കുന്ന സീതയുടെ മുന്നിലേക്ക് ഹനുമാന്‍ പറന്നിറങ്ങുന്ന രംഗം. 

ഹനുമാനെ ഒരു കയറില്‍ കെട്ടി സ്റ്റേജിന്റെ മുകളി നിറ്ത്തിയിരിക്കുകയാണ്.. കയറിന്റെ ഒരറ്റം ഹനുമാന്റെ വയറിന്റെ പിന്നില്‍ കൊളുത്തിയിരിക്കുന്നു. മറ്റേ അറ്റം ഒരു കപ്പിയിലൂടെ സ്റ്റേജിന്റെ പിന്നില്‍ ഇരിക്കുന്ന സഹായിയുടെ കയ്യില്‍.

സമയം ആകുമ്പോള്‍ സഹായി കയറ് പയ്യെ ലൂസാക്കും.. ഹനുമാന്‍ ഭൂമിക്ക് പാരലല്‍ ആയി പതിയെ താഴ്ന്ന് വന്ന് ലാന്റ് ചെയ്യും.. കയറിന്റെ കൊളുത്ത് മാറ്റും.. കയറ് മുകളിലേക്ക് പോകും… ബാക്ഗ്രൌണ്ട് കളറീന്റെ പ്രത്യേകതകാരണം കയറ് ആരും കാണില്ല…ഇതാണ് ടെക്നിക്ക്.

സീന്‍ തുടങ്ങി.. സീത യെ മാത്രം ആളുകള്‍ കാണുന്നു. ഹനുമാന്‍ മുകളില്‍ ‘തൂങ്ങി’ നില്‍പ്പുണ്ട്.. പിന്നില്‍ കയര്‍ പിടിച്ചിരുന്ന് പയ്യന് ഉറക്കം തൂങ്ങിയത് പെട്ടെന്നായിരുന്നു.. കയറിലെ പിടി ഒന്ന് വിട്ടു..

ലാന്റ് ചെയ്യാന്‍ സമയം ആകുന്നതിനുമുന്‍പേ മിന്നല്‍ വേഗത്തില്‍ ഹനുമാന്‍ താഴേക്ക് പതിച്ചു….

സീത ഞെട്ടി..

അബദ്ധം മനസിലായ സീത സംയമനം വീണ്ടെടുത്ത് വായില്‍ തോന്നിയ ഒരു ഡയലോഗ് കാച്ചി..

“അങ്ങ് ആര്യപുത്രനെ കണ്ടുവോ?”

പത്തടിപൊക്കത്തില്‍ നിന്ന് നെഞ്ചും തല്ലി വീണുകിടക്കുന്ന ഹനുമാനില്‍ നിന്ന് ഉടന്‍ വന്നു ഭക്തിനിര്‍ഭരമായ മറുപടി..

“ഞാനൊരുത്തനേം കണ്ടില്ല കൊച്ചേ.. ഈ കയറിന്റെ അറ്റോം പിടിച്ചോണ്ട് ഒരു #$%^& മോന്‍ ഇതിന്റെ പിന്നില്‍ ഇരിപ്പുണ്ട് .. അവനെയാ എനിക്കിപ്പം കാണേണ്ടത്ത്”

*****************

(ഈ ബുക്ക് പണ്ട് നാട്ടിലെ ലൈബ്രറിയില്‍ നിന്ന് എടുത്ത് വായിച്ചതാണ്.. ഈയിടെ പലസ്ഥലത്തും അന്വേഷിച്ചിട്ടും കിട്ടിയില്ല!)