പിറന്നാളുകള്‍ ആഘോഷിക്കാനും, മറ്റുള്ളവര്‍ക്കിടയില്‍ ശ്രദ്ധിക്കപെടാനും ഉള്ള ദിനമായി കരുതിയിരുന്ന കുട്ടിക്കാലം ഒക്കെ എന്നേ കഴിഞ്ഞു!!
ഇന്നത് , പ്രായം എന്ന യാധാര്‍ഥ്യത്തിന്റ്റെ തിരിച്ചറിവാണ്.. കൊഴിഞ്ഞു വീഴുന്ന യൌവനത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും, തിരിച്ചെത്താന്‍ പറ്റാത്ത നല്ലകാലത്തെ ഓര്‍മ്മപ്പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കലും ആണ്.. എന്ത് നേടി എന്ന പുനര്‍ചിന്തനത്തിന്റെ അവസരവും മുന്നിലെ ജീവിത പാതയെക്കുറിച്ചുള്ള വ്യാകുലതകളും ആണ്..
(എന്റമ്മേ! ഈ പോക്കുപോയാല്‍ ഞാനിത് കൊളമാക്കും.. നമുക്ക് നമ്മുടെ സ്ഥിരം കൂതറ സ്റ്റൈലു തന്നെ മതി!)
പണ്ട് മുതല്‍ എന്റെ ബര്‍ത്ത് ഡേ കൂട്ടുകാര്‍ ഒരു ദിവസം മുന്‍പേ ഓര്‍ക്കും. ആഘോഷവും തുടങ്ങും. അത് എന്നോടുള്ള സ്നേഹം കൊണ്ടല്ല! ഞാന്‍ ജനിച്ചത് ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ പിറ്റേന്നായതുകൊണ്ടാണ്.. എന്നെ പരിചയമുള്ള ആരും (ഞാന്‍ പോലും)സമ്മതിക്കില്ലെങ്കിലും, എന്റെ അച്ഛനും അമ്മയും പറയുന്നത്, ഞാന്‍ ജനിച്ചത്, ഏപ്രില്‍ ഒന്നിനല്ല, “രണ്ടിന് “രാവിലെ 8 മണിക്കാണെന്നാണ്.
അതെ, ഈരാറ്റുപേട്ട ഡി.ഇ. നേഴ്സിങ് ഹോമിലെ, മീനച്ചിലാറിന്റെ തീരത്തുള്ള ലേബര്‍ റൂമില്‍, വയറില്‍ കണ്‍ക്റ്റ് ചെയ്ത ജീവന്‌രക്ഷാ പൊക്കിള്‍കൊടി ബന്ധവുമായി, അമ്മയുടെ വയറ്റില്‍ നിന്നും, മേരിക്കുട്ടി നേഴ്സിന്റെ കൈയ്യിലേക്ക്, ഞാന്‍ നടത്തിയ ചരിത്രപരമായ ‘ബഞ്ചി ജമ്പിങ്ങിന്റെ’ ഇരുപത്തിയാറാം വാര്‍ഷികമാണ് ഇന്ന്!
(നാട്ടിലെ ഒത്തിരി സീനിയേര്‍സിന്റെ പ്രസവം എടുത്ത ടീമായതുകൊണ്ട് അന്നേ പുള്ളിക്കാരിക്ക് മോതിരം ഇല്ലായിരുന്നു എന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കട്ടെ!)
എന്നെ ഗര്‍ഭം ധരിച്ചത് മുതല്‍ എന്റെ അമ്മ എനിക്കുവേണ്ടി ചെയ്ത, അല്ലെങ്കില്‍ ചെയ്തുകൊണ്ടേ ഇരിക്കുന്ന കാര്യങ്ങളില്‍, എനിക്ക് ഏറ്റവും കൂടുതല്‍ നന്ദി, എന്നെ വയറ്റില്‍ ചുമന്ന അവസാന 8 മണിക്കൂറിനോടാണെന്ന് ഞാന്‍ പണ്ടൊക്കെ അമ്മയോട് പറയുമായിരുന്നു..പക്ഷേ ‘വിധിവിഹിതം അലംഘനീയം’ എന്ന് പറയുമ്പോലെ ‘ഏപ്രില്‍ ഒന്നിന് ജനിച്ചില്ല‘ എന്നൊരു കുറവേ എനിക്കുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ ഇപ്പോള്‍ ഞാന്‍ അത് പറയാതായി… :-)
എന്തായാലും , ലോകം മുഴുവന്‍ ദുഖവെള്ളിയാഴ്ചയായി ദുഖിച്ചിരിക്കുന്ന ഇന്ന് ഞാന്‍ ബര്‍ത്ത്ഡേ ആഘോച്ച് ആര്‍മ്മാദിക്കുന്നു.
ആ എന്തൊക്കെയോ പറഞ്ഞു.. വെറെ ഒന്നും ഇല്ല.വെറുതെ ഇരുന്നപ്പോള്‍ ഒരു രസത്തിന് എഴുതിയതാ…
Thanks for all your wishes..