ഗാന്ധിജയന്തി ദിനമായിരുന്ന ഇന്നലെ ടെക്നോപാര്‍ക്കിനടുത്തുള്ള പ്രദേശങ്ങളില്‍ നടന്ന ചില സം ഭാഷണങ്ങള്‍..
————————-
(കഴക്കൂട്ടം കവലയില്‍: )
ഡേയ് ഇതെന്തര് ചപ്പ് ചവറെല്ലാം ഇന്ന് റോട്ടില്‍ കെടക്കുന്നത്?
രാവിലേ ജീന്‍സും ടീഷര്‍ട്ടും ഇട്ട് ടെക്നോപാര്‍ക്കിലെ കൊറേ ആണുങ്ങളും പെണ്ണുങ്ങളും കൂടെ റോഡിലൂടെ നടന്ന്, കോര്‍പ്പറേഷന്‍ കാര് വണ്ടിയില്‍ കേറ്റി കൊണ്ടുപോകാന്‍ വേണ്ടി കൂട്ടിയിട്ടിരുന്ന വേസ്റ്റൊക്കെ കുത്തിയിളക്കി, പകുതി അവിടെ തന്നെ നിരത്തി, ബാക്കി പകുതി റോഡിന്റെ മറ്റേ സൈഡിലും കൊണ്ടെ ഇട്ടു..
എന്നിട്ടോ?
10 മിനിട്ട് കഴിഞ്ഞപ്പോള്‍ വിയര്‍ത്ത് അവശരായ എല്ലാം കാറിലും ബൈക്കിലും ഒക്കെ കേറി സ്ഥലം വിട്ടു..
————————-
(എന്റെ സ്വന്തം റൂമില്‍ ഞാനും ശ്രീമോനും തമ്മില്‍… )
ഞാന്‍ രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ കുളിച്ച് റെഡിയായി നില്‍ക്കുന്ന അവനെയാണ് കാണുന്നത്..
ഡാ നീ എങ്ങോട്ടാ രാവിലെ?
ഇന്ന് ഗാന്ധിജയന്തി അല്ലേ? ഞങ്ങള്‍ ആക്കുളത്തിനടുത്ത് ഒരു കുളം ക്ലീന്‍ ചെയ്യാന്‍ പോവ്വാ..
ആര്?
ഞങ്ങടെ പ്രോജക്റ്റ് ടീം..
എന്തിന്?
അതോ? കഴിഞ്ഞ 3 മാസമായിട്ട് ഞങ്ങളുടെ ഒരു ഫോട്ടൊ പോലും കമ്പനി ന്യൂസ് ലെറ്ററില്‍ വന്നിട്ടില്ലടാ.. അതിന്റെ വിഷമം നിനക്കൊന്നും മനസിലാവില്ല..
ഓഹോ അതാണ് കാര്യം! അല്ല അതിനെന്തിനാ ഇത്ര രാവിലെ?
അതോ ? ആ കുളം വേറേ കുറേ ടീമ്സും കണ്ട് വച്ച്ട്ടുണ്ടെന്ന് കേട്ടു.. ആദ്യം പോയി പിടിക്കണം..
അതിനെന്താ അവിടെ വേറേം കുളം ഇല്ലേ?
അതല്ലേ പ്രശ്നം, ഇത്തിരി നീറ്റായിട്ടുള്ളത് ഈ ഒരു കുളം മാത്രേ ഉള്ളൂ.. മറ്റേതൊക്കെ എന്തൊരു അഴുക്കാ.. ഹോ!
——————————————
(ശ്രീകാര്യം ജംഗ്ഷനില്‍(വൈകിട്ട്):)
ഡേയ് നിനക്കെന്തര് പയങ്കര ഷീണം?
അതണ്ണാ ഒന്നും പറയണ്ട.. രാവിലേ ടെക്നോപാക്കിലെ കുറേ സാറുമ്മാര് വന്ന് ഒരു തോട് വൃത്തിയാക്കണം എന്നു പറഞ്ഞ് വിളിച്ചോണ്ട് പോയതാ..
അതിനെന്തര്? നല്ല കാശ് കിട്ടിയില്ലേടേയ്?
അവരു പത്തിരുപത് പേര് കാണും, ചുമ്മാ അവരുടെ കൂടെ ഒന്ന് കൂടിക്കൊടുത്താ മതീന്ന് പറഞ്ഞ് വിളിച്ചതാ..
പോകുന്ന വഴിക്കുള്ള പ്ലാനിങ്ങൊക്കെ കണ്ടപ്പം ഞാന്‍ ഒന്നൂം ചെയ്യേണ്ടി വരില്ല എന്നാ വിചാരിച്ചെ.. എന്നിട്ട് അവിടെ ചെന്നപ്പം തോടിന്റെ രണ്ട് കരേലുമായിട്ട് ഈ പറയുന്നവന്മാരെല്ലാം നിന്നിട്ട്, നമ്മളെക്കൊണ്ട് പണി മൊത്തം ചെയ്യിപ്പിച്ചു.. അവസാനം കാശ് മേടിച്ചപ്പം അതിലിരുന്ന് ഗാന്ധി എന്നെ ആക്കിചിരിക്കുന്ന പോലെ തോന്നിപ്പോയണ്ണാ..
ട്വിറ്ററീന്ന് പുറപ്പെടുകയും ചെയ്തു; ബ്ലോഗില്‍ എത്തിയതും ഇല്ല!
http://twitter.com/dhaneshsnair
http://vakradrishti.blogspot.com/
dhanesh1@gmail.com
http://twitter.com/dhaneshsnair
http://vakradrishti.blogspot.com/
dhanesh1@gmail.com
October 3, 2010
ഗാന്ധി ജയന്തി