March 1, 2012
ആന്‍ഡ്രോയിഡ്‌കാരെ നേരിടാന്‍ 5 മാര്‍ഗങ്ങള്‍:


നിങ്ങളുടെ മുന്നില്‍ ആന്ഡ്രോയിഡ് ഫോണുമായി ഷോ ഇറക്കുന്ന കൂട്ടുകാരനോട് ചോദിക്കാവുന്ന ഏതാനും ചോദ്യങ്ങള്‍

1. ഇത് ജിന്‍ജര്‍ബ്രെഡ് ആണോ ഐസിഎസ് ആണോ?

പൊതുവേ ഇവന്മാര്‍ക്കൊന്നും ആന്ഡ്രോയിഡിന്റെ വേര്‍ഷന്‍ ഒന്നും അറിയില്ല.. മിക്കവാറും വരുന്ന മറുപടി, “അല്ല എല്‍ജി്‌ ഒപ്ടിമസ് നെറ്റ് ആണ്‌” എന്നായിരിക്കുമ്.. പുച്ഛിച്ച് തള്ളിയേക്കണം…

2. ഇനി എങ്ങാനും അവന്‍ ജിഞര്‍ബ്രെഡ് ആണെന്നോമറ്റോ പറഞ്ഞാല്, എന്താ ഐസ്‌ക്രീം സാന്ഡ്വിചിലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്തെ? അവൈലബിള്‍ അല്ലേ? എന്ന് ചോദിക്കാം..

അതു അവനറിയില്ലായിരിക്കുമ്.. അപ്പോഴും ഒരൌണ്സ് പുച്ഛം വിതറാം..

3. അതിന്റെ അപ്ഗ്രേഡ് അടുത്ത ആഴ്ചയേ വരൂ എന്നൊക്കെ പറയാന്‍ മാത്രം ബോധം ഉള്ളവനാണെങ്കില്‍, പിന്നീടുള്ള നീക്കങ്ങള്‍ അല്പം സൂക്ഷിച്ച് വേണം..
അടുത്തചോദ്യം, “എന്തുപറ്റി പ്രോസസ്സര്‍സ്പീഡ് 600മെഗ ഹെട്സേ ഉള്ളോ? എന്നാക്കാം

ഇതിനുത്തരം പറഞ്ഞാലും ഇല്ലെങ്കിലും പുച്ഛിക്കാം..

4. അവന്‍ കടയില്‍ നിന്ന് ഫോണ്‍ വാങ്ങ്നി വീട്ടില്‍ എത്തിയിട്ടേ ഉള്ളൂ എങ്കിലുമ്, “ഇതെന്താ ഇതുവരെ ‘റൂട്ട്’ ചെയ്യാത്തെ എന്ന് ചോദിക്കുക? ഛെ, റൂട്ട് ചെയ്യാ അറിയില്ലായിരുന്നോ?

എത്ര ടെക്കി ആണെന്ന് പറഞ്ഞാലും ഉപയോഗിച്ച് കൊതി തീരും മുന്‍പ് ഇമ്മാതിരി അക്രമങ്ങള്‍ കാണിക്കാന് ധൈര്യപ്പെടില്ല! പുച്ഛം റെഡിയാക്കിക്കോ..

5. പിന്നെ മനുഷ്യരാരും ഉപയോഗിക്കാത്ത ഏതെങ്കിലും ഒക്കെ ആപ്പ്ളിക്കേഷന്റെ പേരു ഓര്‍ത്തുവച്ചിട്ട്, അതിതുവരെ ഇന്സ്റ്റാള്‍ ചെയ്തില്ലെ എന്നൊക്കെ ചോദിക്കുക..

ഇതില്‍ ഒന്നും വീഴാത്തവന്‍ ആണെങ്കില്‍, ബാറ്ററി ബാക്കപ് എന്നൊരു വാക്ക് വെറുതെ പറഞ്ഞാല്‍ മതി, അപ്പോള്‍ തന്നെ ഫോണ്‍ പോക്കറ്റില്‍ ഇട്ടോളൂം..

NB:ഇത്രയും ചോദ്യങ്ങള്‍ ചോദിക്കാന്‍ ആന്ഡ്രോയിഡ് പുലിയാകേണ്ട കാര്യം ഒന്നും ഇല്ല, വിക്കിപ്പീഡികയില്‍ ജസ്റ്റ് ഒന്ന് നോക്കിയാല്‍ മതി.(ഞാനിപ്പോള്‍ ചെയ്തപോലെ)

(Ellaam nammude Sarathinodu chodich vijayicha techniques aanu)

April 7, 2011
ഏപ്രില്‍ ഫൂളിന് പിന്നിലുള്ള ഗദനഗത…

പണ്ടുപണ്ട് അങ്ങ് പടിഞ്ഞാറ് ദിക്കില്‍ ഇംഗ്ലണ്ട് എന്നൊരു കൊച്ചുരാജ്യത്തില്‍ ജോര്‍ജ്‌വര്‍മ്മന്‍ എന്നൊരു രാജാവുണ്ടായിരുന്നു!(കഥ എവിടെ നടന്നാലും രാജവ് വര്‍മ്മന്‍ ആയിരിക്കും, ചുമ്മാ പ്രശ്നമുണ്ടാക്കാന്‍ വരരുത്!).. രാജാവും രാജ്ഞിയായ എലിസബത്തമ്മ തമ്പുരാട്ടിയും കൂടി വല്യ അലമ്പില്ലാ‍തെ രാജ്യം ഭരിച്ചു വരുമ്പോള്‍ ആ‍ണ്  കിഴക്കന്‍ രാജ്യമായ ഭാരതത്തില്‍ നിന്ന് ഒരു യുവാ‍വ് ഒരു ഉരുവില്‍ കയറി ഇംഗ്ലണ്ടില്‍ എത്തുന്നത്!

ടിന്റുമോന്‍ എന്നായിരുന്നു ആ യുവാവിന്റെ പേര്.

“ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ“ എന്ന സോഫ്റ്റ്വെയര്‍ കമ്പനിയുടെ ഓണ്‍സൈറ്റ് അസൈന്മെന്റുമായാണ് ടിന്റുമോന്‍ ഇംഗ്ലണ്ടിലെ ബിലാത്തി പട്ടണത്തില്‍ എത്തിയത്!

ഇന്ത്യയിലെ കേരളം എന്ന പ്രദേശത്തുനിന്ന് എത്തിയ ടിന്റുമോന് ആ നാടിന്റെ സകലവിധ ഉടായിപ്പുകളും ഉണ്ടായിരുന്നു! ആളുകളെ പറ്റിക്കുന്നത് ഹോബിയാക്കിയ ടിന്റുമോന്‍, ബുദ്ധിമാന്മാരെന്ന് നടിച്ചുനടന്ന സകല ഇംഗ്ലീഷുകാര്‍ക്കിട്ടും പലരീതിയില്‍ പണി കൊടുത്തു!

കമ്പനിയിലെ മറ്റ് ജോലിക്കാരുടെ പാസ്വേര്‍ഡ് ഹാക്ക് ചെയ്ത് മാനേജര്‍മാര്‍ക്കെതിരെ ചൊറി മെയില്‍ അയച്ച് അവന്മാരെ അപ്രൈസലില്‍ തേപ്പിക്കുക.
കൂടെ ജോലിചെയ്യുന്നവരുടെ ഐഡി കാര്‍ഡ് അടിച്ചുമാറ്റി അതിലെ ആര്‍.എഫ്. ഐഡി തന്റേതുമായി മാറ്റി വച്ചിട്ട്, സ്വൈപ് ഔട്ട് ചെയ്ത് പുറത്ത് പോയി വായി നോക്കി നടക്കുക..
മീറ്റിങ് റൂമിന്റെ വാതിലില്‍ ‘push’ എന്നെഴുതിയിരിക്കുന്നതിന് മുകളില്‍ “ഇതിനകത്ത് നടക്കുന്നത്” എന്നൊക്കെ എഴുതി വയ്ക്കുക..
തുടങ്ങിയവയൊക്കെ ടിന്റുമോന്റെ ചില ചെറിയ നമ്പറുകള്‍ മാത്രമായിരുന്നു..


എല്ലാ ജോലിക്കാര്‍ക്കും ടിന്റുമോന്‍ തലവേദനയായി.. അത്തരത്തില്‍ പണികിട്ടിത്തുടങ്ങിയ എമ്പ്ലോയ്സ് എല്ലാവരും കൂടി ടിന്റുമോനിട്ട് ഒരു പണീ കൊടുക്കാന്‍ തീരുമാനിച്ചു!
അതു ഒരു മാര്‍ച്ച് 31 ആയിരുന്നു.. അവര്‍ കമ്പനിയിലെ hrന്റെ മെയില്‍ ഐഡി ഹാക്ക് ചെയ്ത്, ടിന്റുമോന് അയ്ക്കേണ്ട സാലറി സ്ലിപ്പില്‍, 4 പൂജ്യം കൂടുതല്‍ ഇട്ടു! പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയ ടിന്റുമോന്‍, മെയില്‍ കണ്ടു ഞെട്ടി!

നാട്ടില്‍ ടെക്നോപാര്‍ക്കിനടുത്ത് 10 ഏക്കര്‍ സ്ഥലം വാങ്ങാനുള്ള കാശാണ് കിട്ടിയതെന്ന് അറിഞ്ഞ ടിന്റുമോന്‍ ഓന്‍ലൈന്‍ ബാങ്കിങ് സൈറ്റ് പോലും നോക്കാതെ, ഇത് സത്യമാണെന്ന് വിശ്വസിച്ച്, മാനേജറെ ചീത്തവിളിച്ചു! അന്ന് കമ്പനി വിസിറ്റ് ചെയ്യാന്‍ വന്ന M.D. കൂടിയായ രാജാവിനെ പോലും അവന്‍ വെറുതെ വിട്ടീല്ല!
എങ്ങനെയും കാശുമായി ഉരു കയറി തിരിച്ചു പോകാനായിരുന്നു പ്ലാന്‍..

ഒടുവില്‍ രാജാവുമായി ഉടക്കി ഇറങ്ങി ഓടി, ബോട്ടുജെട്ടിക്കടുത്തുള്ള ഏ.ടി.എം കൌണ്ടറില്‍ എത്തിയ ടിന്റുമോന്‍ തന്റ്റെ അക്കൌണ്ട് ബാലന്‍സ് കണ്ട് ഞെട്ടി.. ആകെ തകര്‍ന്നു പോയ ടിന്റുമോന്റെ മാനസിക നില തെറ്റി! കക്ഷി, രാജകിങ്കരന്മാരുടെ പിടിയിലും ആയി..

പക്ഷേ കഥയിലെ സത്യം മനസിലാക്കിയ രാജാവിന് പശ്ചാത്താപത്തിന്റെ അസുഖം തുടങ്ങി. മെയില്‍ അയച്ച എം‌പ്ലോയ്സിന്റ്റെ സൈഡിലും ന്യായമുണ്ട്.. അങ്ങനെ പ്രായശ്ചിത്തമായി എല്ലാ വര്‍ഷ്വും ഏപ്രില്‍ ഒന്നിന് ആര്‍ക്കും ആരേയും പറ്റിക്കാം എന്ന് റൂള്‍ ഇറക്കി(ഇപിസി ഇരുന്നൂറ്റി ചില്വാനം)..

അങ്ങനെ ശിക്ഷ ഒഴിവായി നാട്ടിലെത്തിയ ടിന്റുമോന്റെ മാനസിക നില മാത്രം അത്രക്കങ്ങട് ഓക്കെ ആയില്ല! അവന്‍ ഇപ്പോഴും തമാശകള്‍ ഒക്കെ ഒപ്പിച്ച് കറങ്ങി നടക്കുന്നു.

എന്തായാലും ഇങ്ങനെയാണ് സുഹൃത്തുക്കളേ ഏപ്രില്‍ ഫൂള്‍ ഉണ്ടായത്!

~Dhanesh



March 9, 2011
കോഴി എന്തിനാണ് റോഡ് ക്രോസ് ചെയ്തത്?

ഇന്നലത്തെ ട്വീറ്റുകള് വായിച്ച് വന്നപ്പോള് ആണ് ചന്തുവിന്റെ “why did the chicken cross the road” എന്ന ട്വീറ്റ് കണ്ടത്!

പ്രശസ്തരുടെവ്യത്യസ്തമായ മറുപടികള് ഭാവനയിലൂടെ സൃഷ്ടിക്കാന് അവസരം നല്കുന്ന ഈ ചോദ്യം പണ്ടാരോ ബ്ലോഗില് പോസ്റ്റിയിരുന്നു! മലയാളം ബ്ലോഗിലെ കുറേപേര് ഈ ചോദ്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതായിരുന്നു ഒരുപാട് ചിരിപ്പിച്ച ആ പോസ്റ്റിന്റെ തീം…

ആ ആശയത്തെ കോപ്പിയടിച്ച്, അമിട്ടിലെ കുറച്ച് കൂട്ടുകാര് ഇതിനോട് എങ്ങനെയായിരിക്കും മറുപടി നല്കുക എന്ന് ഞാന് ചുമ്മാ ഒന്ന് ഊഹിക്കട്ടേ?


കോഴി എന്തിനാണ് റോഡ് ക്രോസ് ചെയ്തത്?

—————————————————————————————
sa_th: “ബ്രൈബി എന്തിനാണ് റോഡ് കുരിശ് ചെയ്തത്?” എന്ന് ചോദിച്ചിരുന്നെങ്കില് എന്നെപ്പോലെയുള്ള ഹൈ ഐക്യു ടീംസിന് പെട്ടെന്ന് മനസിലായേനേ.. #ഹോ ജാതി വിറ്റ് തന്നെ (ഓര്ത്തോര്ത്ത് ചിരിക്കുന്നു)

reqox: RT@zeqox RT@peqox: RT@kaqoos കോഴികള് ഇനിയും കൂട്ടം കൂട്ടമായി റോഡ് ക്രോസ് ചെയ്യുന്നത് തടയാന് എന്തായാലും എന്ഡോ സള്ഫാന് നിരോധിക്കുക തന്നെ വേണം. #savekOzhi

shajin: അപ്പുറത്തെ സൈഡില് മതിലില് ഒട്ടിച്ചിരുന്ന ഷാരുഖ് ഖാന്റെ പോസ്റ്റര് കണ്ട് ‘അജിക്ക’ ആഹാ ജിക്ക ജിക്ക എന്ന മൂസിക്ക് ഇട്ടുകൊണ്ടാണ് ആ മൂന്ന് വയസുള്ള കോഴി റോഡ് ക്രോസ് ചെയ്തത്!

പോഞ്ഞിക്കര: പാവം കോഴി റോഡ് ക്രോസ് ചെയ്യാതെ എന്ത് ചെയ്യും? അന്ന് കുമളി-കമ്പംമെട്ട് ഏരിയയിലൊന്നും എയര്പോര്ട്ട് സൌകര്യം ഇല്ലല്ലോ? #ഇന്നും

കുര്യന്: പിടക്കോഴിയാണോ?

രാകേഷ്: എന്തോന്നടേയ്? ഒരു ക്വാഴിയെ മനസമാധാനമായി റോഡ് ക്രോസ് ചെയ്യാനും തമ്മസിക്കൂല്ലേ? ആ കോഴിയുടെ മൊബൈല് നമ്പര് ഡീ.എം ആയി കിട്ടിയിരുന്നെങ്കില് അമിട് മീറ്റിന് ക്ഷണിക്കാമായിരുന്നു! #അല്ലെങ്കിലേ മൊത്തം കോഴികളാ

വിനു: ഒന്നു പോയെടെക്കെ.. കോഴി ക്രോസ് ചെയ്യുമ്പോള് വല്ല ഏ.ബി.സ് ഇല്ലാത്തതോ, കോണ്ടി ഏ.ബീ.എസ് ചെയ്തതോ ആയ വണ്ടി വന്നിരുന്നെങ്കില് കാണാര്ന്നു.. കോഴി മഹാരഥന് ആയിട്ട് സമയമാം രഥത്തില് പോകുന്നത്!

avvishnu: നല്ല ശവസംസ്കാരം. #വണ്ടിയിടിച്ച് ചത്ത കോഴീടെ

വിനുടക്സ്: അകിരോ കുറസോവയുടെ ‘ദ മിഡ്നൈറ്റ് ചിക്കെന്സ്’ എന്ന ചിത്രത്തില് നട്ടുച്ചക്കൊരു കോഴി റോഡ് ക്രോസ് ചെയ്യുന്ന സീന് ഉണ്ട്! മലയാളത്തിലേക്ക് റീമേക്ക് ചെയ്താല് രാജുമോനെ കോഴി ആയി അഭിനയിപ്പിക്കാം..

വെമ്പള്ളി: ഇന്നത്തെ അണുബോംബിനകത്തിടാനുള്ള യുറേനിയം പൊടിപ്പിക്കാനായി മില്ലിലേക്ക് ഞാനെന്റെ ‘സ്വന്തം‘ ബെന്സില് പോകുന്ന വഴിയാണ് മഞ്ഞിനിടയിലൂടെ ഒരു കോഴി റോഡ് ക്രോസ് ചെയ്യുന്നത് കണ്ടത്! അപ്രത്തെ വീട്ടിലെ സായിപ്പ് തിരിച്ചെത്തിയാലുടന് ആ കാറിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യാം!

ചെല: ഡേവിസ് കപ്പിന്റെ ആവേശകരമായ പ്രി ക്വാര്ട്ടര് ഫൈനല് കാണാന് ആണ് കോഴി റോഡ് ക്രോസ് ചെയ്തത്!

ചില്ലറ: കോഴിയുടെ കയ്യിലെ മൊബൈല് നോക്കിയയാണോ അല്ലയോ എന്നറിയാതെ അതിന്റെ ഉദ്ദേശ ശുദ്ധിയെപ്പറ്റി ഒന്നും പറയാന് പറ്റില്ല!

ഷെമീല്: കോഴി #kozhi #chicken എന്തിനാണ് #why #y റോഡ് #road #highway ക്രോസ് #cross ചെയ്തതെന്ന് എനിക്കറിയില്ല. #fail

കിത്തൂസ്: ഒറ്റ ഇരിപ്പിനൊരു ഫുള്ള് എം.എച്. അടിച്ചതിന്റെ തിളപ്പിലാണ് കോഴി റോഡ് ക്രോസ് ചെയ്തത്! #നോമ്പെടുത്ത ടൈം ആയിപ്പോയി..ഇല്ലെങ്കില് ഒരു കമ്പനി കൊടുക്കാരുന്നു #റോഡ് ക്രോസ് ചെയ്യാനല്ലടേ #ഫുള്ള് തീര്ക്കാന്

ചന്തു: പാതയുടെ നേര്രേഖയുടെ സഞ്ചലനം സൃഷ്ടിച്ച ആനന്ദകുന്തളിതയില് പെട്ട് ഒരുവേള ധൃതംഗപുളകിതന് ആയിട്ടാണ് ആ കുക്കുടബാലന് മറുവശത്തേക്ക് യാത്രയായത്.. #ബീഡി വേര്ഷന്
കോഴിനാസ്തി, റോഡ് നാസ്തി, കാഷ്ടം നാസ്തി, പൂട നാസ്തി #അസംസ്കൃതം വേര്ഷന്

സുമോദ്: ഡേയ് ഇവിടെ ഒരുത്തനും ഇല്ലേടേ? ഇവിടെ ഇപ്പോള്‍ റോഡ് ക്രോസുന്നവന്മാര്‍ @kozhi

(ബാക്കിയുള്ളവരില് പലരേയും മറന്നതല്ല! ആശയദാരിദ്ര്യം കൊണ്ട് ഒഴിവാക്കേണ്ടി വന്നതാണ് )


(Source: kozhi)

October 3, 2010
ഗാന്ധി ജയന്തി

ഗാന്ധിജയന്തി ദിനമായിരുന്ന ഇന്നലെ ടെക്നോപാര്‍ക്കിനടുത്തുള്ള പ്രദേശങ്ങളില്‍ നടന്ന ചില സം ഭാഷണങ്ങള്‍..

————————-
(കഴക്കൂട്ടം കവലയില്‍: )

ഡേയ് ഇതെന്തര് ചപ്പ് ചവറെല്ലാം ഇന്ന് റോട്ടില്‍ കെടക്കുന്നത്?

രാവിലേ ജീന്‍സും ടീഷര്‍ട്ടും ഇട്ട് ടെക്നോപാര്‍ക്കിലെ കൊറേ ആണുങ്ങളും പെണ്ണുങ്ങളും കൂടെ റോഡിലൂടെ നടന്ന്, കോര്‍പ്പറേഷന്‍ കാര് വണ്ടിയില്‍ കേറ്റി കൊണ്ടുപോകാന്‍ വേണ്ടി  കൂട്ടിയിട്ടിരുന്ന വേസ്റ്റൊക്കെ കുത്തിയിളക്കി, പകുതി അവിടെ തന്നെ നിരത്തി, ബാക്കി പകുതി റോഡിന്റെ മറ്റേ സൈഡിലും കൊണ്ടെ ഇട്ടു..

എന്നിട്ടോ?

10 മിനിട്ട് കഴിഞ്ഞപ്പോള്‍ വിയര്‍ത്ത് അവശരായ എല്ലാം കാറിലും ബൈക്കിലും ഒക്കെ കേറി സ്ഥലം വിട്ടു..

————————-
(എന്റെ സ്വന്തം റൂമില്‍ ഞാനും ശ്രീമോനും തമ്മില്‍… )
ഞാന്‍ രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ കുളിച്ച് റെഡിയായി നില്‍ക്കുന്ന അവനെയാണ് കാണുന്നത്..

ഡാ നീ എങ്ങോട്ടാ രാവിലെ?

ഇന്ന് ഗാന്ധിജയന്തി അല്ലേ? ഞങ്ങള്‍ ആക്കുളത്തിനടുത്ത് ഒരു കുളം ക്ലീന്‍ ചെയ്യാന്‍ പോവ്വാ..

ആര്?

ഞങ്ങടെ പ്രോജക്റ്റ് ടീം..

എന്തിന്?

അതോ? കഴിഞ്ഞ 3 മാസമായിട്ട് ഞങ്ങളുടെ ഒരു ഫോട്ടൊ പോലും കമ്പനി ന്യൂസ് ലെറ്ററില്‍ വന്നിട്ടില്ലടാ.. അതിന്റെ വിഷമം നിനക്കൊന്നും മനസിലാവില്ല..

ഓഹോ അതാണ് കാ‍ര്യം! അല്ല അതിനെന്തിനാ ഇത്ര രാവിലെ?

അതോ ? ആ കുളം വേറേ കുറേ ടീമ്സും കണ്ട് വച്ച്ട്ടുണ്ടെന്ന് കേട്ടു.. ആദ്യം പോയി പിടിക്കണം..

അതിനെന്താ അവിടെ വേറേം കുളം ഇല്ലേ?

അതല്ലേ പ്രശ്നം, ഇത്തിരി നീറ്റായിട്ടുള്ളത് ഈ ഒരു കുളം മാത്രേ ഉള്ളൂ.. മറ്റേതൊക്കെ എന്തൊരു അഴുക്കാ.. ഹോ!

——————————————

(ശ്രീകാര്യം ജംഗ്ഷനില്‍(വൈകിട്ട്):)


ഡേയ് നിനക്കെന്തര് പയങ്കര ഷീണം?

അതണ്ണാ ഒന്നും പറയണ്ട.. രാവിലേ ടെക്നോപാക്കിലെ കുറേ സാറുമ്മാര് വന്ന് ഒരു തോട് വൃത്തിയാക്കണം എന്നു പറഞ്ഞ് വിളിച്ചോണ്ട് പോയതാ..

അതിനെന്തര്? നല്ല കാശ് കിട്ടിയില്ലേടേയ്?

അവരു പത്തിരുപത് പേര് കാണും, ചുമ്മാ‍ അവരുടെ കൂടെ ഒന്ന് കൂടിക്കൊടുത്താ മതീന്ന് പറഞ്ഞ് വിളിച്ചതാ..
പോകുന്ന വഴിക്കുള്ള പ്ലാനിങ്ങൊക്കെ കണ്ടപ്പം ഞാന്‍ ഒന്നൂം ചെയ്യേണ്ടി വരില്ല എന്നാ വിചാരിച്ചെ.. എന്നിട്ട് അവിടെ ചെന്നപ്പം തോടിന്റെ രണ്ട് കരേലുമായിട്ട് ഈ പറയുന്നവന്മാരെല്ലാം നിന്നിട്ട്, നമ്മളെക്കൊണ്ട് പണി മൊത്തം ചെയ്യിപ്പിച്ചു..  അവസാനം കാശ് മേടിച്ചപ്പം അതിലിരുന്ന് ഗാന്ധി എന്നെ ആക്കിചിരിക്കുന്ന പോലെ തോന്നിപ്പോയണ്ണാ..



September 15, 2010
കുഞ്ചന്‍ നമ്പ്യാരും നയന്‍ താരയും .. (ചളുകഥ)

അതി മാരകമായ ഒരു ചളുവാണ്, സഹിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം മുന്നോട്ട് പോകുക..

സംഭവം അല്പം ഇന്റലക്ച്വല്‍ ആയതിനാല്‍ വായിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ഒരു കഥ അറിഞ്ഞിരിക്കണം..

—————

പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അവിടുത്തെ പൂജാരി “താനാരാടോ?” എന്ന് ചോദിച്ചു.. ആ ചോദ്യത്തിന്റെ ‘അനാവ്ശ്യകത‘ കണക്കിലെടുത്ത്, പൂജാരിക്കിട്ട് ഒരു കൊട്ട് കൊടുക്കാന്‍ തന്നെ നമ്പ്യാര്‍ തീരുമാനിച്ചു..

ഫലിതത്തിന്റെ അസ്കിതയുണ്ടായിരുന്ന നമ്പ്യാര്‍ തിരിച്ച് “നമ്പിയാരാ” എന്ന് മറുപടി കൊടുത്തു!
“അത് ചോദിക്കാന്‍ താനാരാ ഉവ്വേ” എന്നാണ് ധ്വനി എന്ന് പൂജാരിക്ക് മനസിലായി..ആക്ച്വലി നമ്പ്യാര്‍ “ഞാന്‍ നമ്പിയാരാ” എന്ന മീനിങ്ങായിരുന്നു ഉദ്ദേശിച്ചതത്രേ!
(നമ്പി എന്ന വാക്കിന് പൂജാരി എന്നര്‍ത്ഥമുണ്ട്)

എന്തായാലും അഭിമാനക്ഷതമേറ്റ പൂജാരി ഒരു മാതിരി ഒന്നാം ക്ലാസ് പിള്ളാരെപ്പോലെ സംഭവം മഹാരാജാവിന്റെ അടുത്ത് ഒരു പരാതിയായി ബോധിപ്പിച്ചു…

നമ്പ്യാരുടെ ഇറ, ഇറവറ ഇറവറന്‍സ് അറിഞ്ഞ് രാജാവ് പുള്ളിയെ വിളിച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പോള്‍ നമ്പ്യാര്‍ ഈ ശ്ലോകം ചൊല്ലി..

നമ്പി ആരെന്ന് ചോദിച്ചു,
നമ്പിയാരെന്ന് ചൊല്ലിനേന്‍..
നമ്പി കേട്ടഥ കോപിച്ചു,
തമ്പുരാനേ ക്ഷമിക്കണേ..

രാജാവ് പൊട്ടിച്ചിരിച്ചു.. ഒരു കോമഡി മനസിലാക്കാത്ത താനൊക്കെ ഏത് കോത്താഴത്തുകാരനാ എന്ന് ചോദിച്ച് നമ്പൂരിയെ ഓടിച്ചു..

പാവം നമ്പി ഊ.. (ഊളമ്പാറക്കുള്ള സിറ്റി ബസില്‍ കേറി അമ്പലമുക്കിലുള്ള അളിയന്റെ വീട്ടിലേക്ക് പോയി)
———————

ഇത്രയും പഴയ കഥ..  ഇനി പുതിയത്.
———————

നമ്മുടെ സിനിമാ താരം നയന്‍ താരക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്..

പണ്ട് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നയന്‍‌താരക്ക് ക്ലാസില്‍ ഒന്‍പതാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.. (പാവം അല്ലേ?)

അന്നൊരു ദിവസം ക്ലാസ് ടീച്ചറായ പ്രിന്‍സ് സാര്‍ നയന്‌താര തന്നെ അപമാനിച്ചെന്ന് പറഞ്ഞ് ഹെഡ്മാസ്റ്ററുടെ  അടുത്ത് കമ്പ്ലൈന്റ് പറഞ്ഞു..

അപ്പോള്‍ നയന്‍സ് ചൊല്ലിയാ ശ്ലോകം ഇതായിരുന്നു…

ണയന്‍‌ത്(9th) ആരെന്ന് ചോദിച്ചൂ,
നയന്‍ താരാന്ന് ചൊല്ലിനേന്‍
പ്രിന്‍സ് മാഷഥ കോപിച്ചൂ,
പ്രിന്‍സിപ്പാളേ ക്ഷമിക്കണേ..
———————

ഇന്നലെ ട്വിറ്ററില്‍ നടന്ന ചളു മത്സരത്തില്‍ തീര്‍ത്തും നിറം മങ്ങിപ്പോയതിന്റെ വിഷമത്തില്‍ ആലോചിച്ച് കണ്ടുപിടിച്ചതാ‍ .. (എന്നെ നിങ്ങള്‍ ഒരു ‘ചാള്‍സ്‘ രാജകുമാരനാക്കില്ലേ?)

#“ആളുകള്‍ വെറുക്കണം”




September 11, 2010
ശിക്കാര്‍

ഏതൊരു സിനിമയ്ക്കും നമ്മള്‍ നല്‍കുന്ന മാര്‍ക്കിനെ പ്രധാനമായും ബാധിക്കുന്ന ഒരു ഘടകം അതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്നെയാണ്..

അത്തരത്തില്‍ നോക്കുമ്പോള്‍ ഫാന്‍സുകാര്‍ കൊട്ടിഘോഷിക്കുന്ന അത്ര കേമം ഒന്നും അല്ല ശിക്കാര്‍..

പടം കാണുന്നതിന് മുന്‍പ് അതിഗംഭീരം, സൂപ്പര്‍, കിടിലോല്‍ക്കിടിലം തുടങ്ങിയ അഭിപ്രായങ്ങളാണ് കണ്ട കൂടുതല്‍ കൂട്ടുകാരും പറഞ്ഞത്!

എനിക്ക് തോന്നിയ ചില കാര്യങ്ങള്‍..

കഥ: വളരെ നല്ല ഒരു പ്രമേയം.. (കഥയുടെ കാലികപ്രാധാന്യത്തിന്റെ കാര്യത്തില്‍ നേരിയ സംശയമുണ്ടെങ്കിലും)
തിരക്കഥ: സ്ക്രിപ്റ്റിന്, ഒരു നല്ല പടം ആവശ്യപ്പെടുന്ന നിലവാരമേയില്ല.. കേള്‍ക്കുമ്പോള്‍ അറിയാതെ കയ്യടിച്ചു പോകുന്ന ഒറ്റ ഡയലോഗ് പോലും പടത്തിലില്ല.. (അത് പ്രതീക്ഷിച്ചും ഇല്ല. എന്നാലും).. പോരാത്തതിന് ചില വള്‍ഗര്‍ വളിപ്പുകളും.. മൊത്തത്തില്‍ ഒരു പിടുത്തം വിട്ട തിരക്കഥ..
 
അഭിനയം: മോഹന്‍ലാല്‍ നന്നായി അഭിനയിച്ചു.. ചെറുതെങ്കിലും പ്രാധാന്യമുള്ള റോള്‍ സമുദ്രക്കനിയും ഗംഭീരമാക്കി .. സുരാജ് ഹൊറിബിള്‍ ആയിരുന്നു .. അനന്യയും കൈലാഷും മോശമാക്കിയില്ല..

സംവിധാനം: ഭംഗിയായി ചെയ്തിട്ടുണ്ട്..

പാട്ട്: ചുമ്മാ കുറച്ച് പാട്ടുകള്‍ കേറ്റി പടത്തിന്റെ ഫ്ലോ കളഞ്ഞു. പക്ഷേ, അര്‍ത്ഥം മനസിലാകാതിരുന്നിട്ടും ചിത്രത്തിലെ തെലുങ്ക് പാട്ട്, സാഹചര്യ്ത്തിനൊത്ത ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ വിജയിച്ചു .. 4 പാട്ടുകളുടെ സ്ഥാനത്ത് 2 എണ്ണം മതിയായിരുന്നു..

ഛായാഗ്രഹണം, ലൊക്കേഷന്‍: രണ്ടും സൂപ്പര്‍..

പോസിറ്റീവ്സ്:
തെലുങ്കിലുള്ള സംഭാഷണം വരുമ്പോള്‍(ചില സ്ഥലങ്ങളില്‍) അതിന്റെ ശബ്ദം കുറച്ചിട്ട് മലയാള പരിഭാഷ കേള്‍പ്പിച്ച ചെയ്ത രീതി ഇഷ്ടപ്പെട്ടു.. (മേജര്‍ രവിയുടെ പടങ്ങളില്‍  ആര്‍മിയുടെ തലപ്പത്ത് വരെ മലയാളിയെ പ്രതിഷ്ടിക്കുന്നതിന് പകരം ഈ രീതി പ്രയോഗിച്ചുകൂടെ എന്ന് നേരത്തെ തോന്നിയിട്ടുണ്ട്)

പടം ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്തിയതാരായാലും അഭിനന്ദനം അര്‍ഹിക്കുന്നു

കഥ ശരിക്കും പറയുന്ന രണ്ടാം പകുതി നല്ല ത്രില്ലിങ് ആയിരുന്നു.. പ്രേക്ഷകന്റെ ഫുള്‍ ശ്രദ്ധ സ്ക്രീനില്‍ എത്തിക്കുന്ന രീതിയില്‍ ആ ഭാഗങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു..

ഫാന്‍സിനുവേണ്ടി മാത്രം എഴുതിയ ഡയലോഗുകള്‍ പൊതുവെ കുറവാണ്.. (ഭാ‍ഗ്യം)


നെഗറ്റീവ്സ്:
മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെമനസ്സില്‍ സ്ഥാനം നേടിയത് സിക്സ്പാക്ക് മസില്‍ കാണിച്ചിട്ടൊന്നും അല്ലെങ്കിലും, ദുര്‍ഘടമായ സ്ഥലങ്ങളിലെ സ്റ്റണ്ട് സീനുകളുടെ ചെറിയ രീതിയിലെങ്കിലും ഉള്ള വിശ്വാസ്യതക്കുവേണ്ടി വയര്‍ ഒക്കെ ഒന്ന് കുറക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല എന്നൊരു എളിയ അഭിപ്രായം ..
(ലാലേട്ടന്‍ അനന്യയെ രക്ഷിച്ചുകൊണ്ട് പോകുന്ന സീന്‍ കണ്ടാല്‍ അനന്യ പുള്ളിയെ രക്ഷപെടുത്തുകയാണൊ എന്ന് ചെറിയൊരു സശയം തോന്നിയേക്കും)

അനാവശ്യമായ കഥാപാത്രങ്ങളും നര്‍മ്മ രംഗങ്ങളും രസംകൊല്ലികളായി..

മൊത്തത്തില്‍:
കുറ്റങ്ങളും കുറവുകളും ഏറെയുണ്ടെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന
തരക്കേടില്ലാത്ത ഒരു ചിത്രം.. അത്രേ ഉള്ളൂ.. .. അമിത പ്രതീക്ഷയില്ലാതെ കണ്ടാല്‍ അല്പംകൂടി ഇഷ്ടപ്പെട്ടേക്കും

ഒരു സംശയം:
സമുദ്രക്കനി അഭിനയിച്ച ഭാഗങ്ങള്‍ പുള്ളി തന്നെയാണോ സംവിധാനം ചെയ്തത്? ആ ഒരു 10-15 മിനുട്ട് സിനിമയിലെ ബാക്കി ഭാഗങ്ങളെക്കാള്‍ മുറ്റായിട്ട് തോന്നി! (പത്മകുമാറിന്റെ സംവിധാ‍നം ഒരുഭാഗത്തും മോശമായിട്ട് തോന്നിയിട്ടില്ലെങ്കിലും..)





September 1, 2010
തേങ്ങ !

തണല്‍ മരങ്ങള്‍ കുടപിടിച്ച നടപ്പാതകള്‍, അതില്‍ (സീസണാണെങ്കില്‍) ചെറിയതോതില്‍ ഒരു ഫ്ലവര്‍ കാര്‍പെറ്റും.. ഇത് തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ ഒരു ആക്ര്ഷണീയതയാണ്.. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള ഐടിപാര്‍ക്കെന്ന് ടെക്നോപാര്‍ക്കിനെ ചിലര്‍ പറയാറുണ്ട്.. (നിങ്ങളുദ്ദേശിക്കുന്ന ‘കിളി’കളുടെ പച്ചപ്പും ഇവിടെ അത്ര മോശമല്ല)

പൊതുവെ പ്രകൃതി സ്നേഹി ആയതുകൊണ്ട് ഈ പച്ചപ്പ്(രണ്ടും) ആസ്വദിച്ച് നടപ്പ് എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു.. കഴിഞ്ഞ ആഴ്ച വരെ..

കഴിഞ്ഞ കുറച്ച് ദിവസമായി, ആസ്വദിക്കല്‍ അല്പം കുറച്ചു..

ഏതോ പെണ്ണിന്റെ കയ്യീന്ന് ഞാന്‍ തല്ല് വാങ്ങി എന്ന് കരുതുന്നുണ്ടാവും.. പണ്ടേ കിട്ടേണ്ടതാണെങ്കിലും ഇതുവരെ അതുണ്ടായില്ല..(വിശ്വസിക്കുമല്ലോ)

തണല്‍ മരങ്ങള്‍ക്കിടയില്‍ തലയുയത്ത്തി നില്‍ക്കുന്ന തെങ്ങുകളാണ് ഇവിടെ വില്ലന്മാര്‍.. ഒരാഴ്ചക്കുള്ളില്‍ 2 പ്രാവശ്യമാണ് ഞങ്ങള്‍ തലയില്‍ തേങ്ങവീഴുന്നതില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്!

ആദ്യദിവസം 5-8 പേരടങ്ങുന്ന ഞങ്ങളുടെ ‘വായിനോക്കി സംഘം‘ ഉച്ചക്ക് കഴിക്കാന്‍ പോകുന്ന വഴിക്കായിരുന്നു സംഭവം.. ഞങ്ങള്‍ പാസ് ചെയ്ത് ഒരു 5 സ്റ്റെപ് മുന്നില്‍ത്തിയപ്പോള്‍ തേങ്ങവീണു..

ആ സമയം തെങ്ങിന്റെ ചുവട്ടില്‍ കൃത്യം എത്തിയ ഒരുത്തന്‍(ഞങ്ങളുടെ ടീമിലുള്ളവനല്ല) ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ആണ് രക്ഷപെട്ടത്! (പണിയെടുത്ത് പ്രാന്തായി ഓഫീസില്‍ നിന്ന് ഇറങ്ങിയ ആ പാവം, ‘തെങ്ങിന് പോലും വേണ്ടാ‍തായി’ എന്ന് ഭാവത്തില്‍ മുകളിലേക്കൊന്ന് നോക്കിയിട്ട് ദുഖത്തോടെ നടന്ന് പോയി!  അതല്ല, ‘അടുത്ത തേങ്ങക്ക് വെയ്റ്റ് ചെയ്യണോ‘ എന്നാണ് കക്ഷി ആലോചിച്ചത് എന്നും ഒരു അഭിപ്രായമുണ്ട്)

അടുത്ത ദിവസം രാവിലെ ഞാനും ബിമലും കഴിച്ചിട്ട് വരുന്ന വഴിയില്‍ സെയിം തെങ്ങ് വീണ്ടും ഞങ്ങളെ ലക്ഷ്യ്മിട്ടു.. വീണ്ടും ഞങ്ങള്‍ ഭാഗ്യം കൊണ്ട് രക്ഷ്പെട്ടു… ഇത്തവണ അല്പം കൂടി നാരോ എസ്കേപ്പ്!

ഞാ‍ന്‍ ആലോചിക്കുന്നത് അതല്ല.. താമസിയാതെ അടുത്ത അറ്റാക്ക് ഉണ്ടായെക്കാം. മിക്കവാറും അതില്‍ ഉന്നം പിഴക്കില്ല.. ടെക്നോപാര്‍ക്കിലെ തരുണീമണികളുടെ ഭാഗ്യദോഷം കൊണ്ടെങ്ങാന്‍ നമ്മള്‍ പടമാകാതെ പരിക്കുകളോടെ രക്ഷപെട്ടു എന്ന് കരുതുക..

തമിഴ്നാട്ടില്‍ ഡെഡ്‌ബോഡി കൊണ്ടുപോകുന്ന പോസില്‍, തലയില്‍ വട്ടത്തില്‍ കെട്ടുമായി വീടിന്റെ സിറ്റൌട്ടില്‍ കസേരയില്‍ ഇരുന്ന് റെസ്റ്റ്  ചെയ്യുന്ന എന്നെ വഴിയിലൂടെ പോകുന്ന സ്നേഹ ‘സമ്പന്നനായ‘(ആദേശ സന്ധി) എതെങ്കിലും ഒരു നാട്ടുകാരന്‍ കാണും ..

ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം ഏതാണ്ടിപ്രകാരം ആയിരിക്കും..

 “എന്നാട ഉവ്വേ തലയില്‍ ഒരു കെട്ടൊക്കെ?”

ഞാന്‍ ചമ്മലോടെ

“ഒരു ‘ചെറിയ’ തേങ്ങ വീണതാ ചേട്ടാ” (അല്ലാതെ വെള്ളമടിച്ചതിന്റെ ‘കെട്ട്‘ പഞ്ഞീം തുണീ വച്ചാണോടോ പോത്തേ)

“വീട്ടില്‍ വച്ചാണോ തേങ്ങ വീണത്?”

“അല്ല തിരുവനന്തപുരത്ത്.. ജോലി ചെയ്യുന്ന സ്ഥലത്ത്” (ഈശ്വരാ, വീട്ടില്‍ വച്ചാണെന്ന് പറയാമായിരുന്നു!)

“അപ്പോള്‍ അവിടെ എഞ്ചിനീയറാണെന്ന് പറഞ്ഞിട്ട്..”(വിത് പുച്ഛ സ്മൈലി )

ഇത്രയും ചോദിച്ചിട്ട് മറുപടിക്ക് കാത്ത് നില്ക്കാതെ ആള്‍ നടന്നു നീങ്ങുന്നു!

കഴിഞ്ഞില്ലേ? അതിലും ഭേദം തേങ്ങ നെറുകം തലേല്‍ തന്നെ വീഴുന്നതല്ലേ?

തെങ്ങ് ചതിക്കുമോ ചതക്കുമോ? കാത്തിരുന്നു കാണാം.. :-)

ടങ് ടടേങ്..

(ഇതിന് ഒരാള്‍ തേങ്ങ അടിക്കുന്നത് പോലും എനിക്ക് സഹിക്കില്ല എന്നതുകൊണ്ട്, ഇത് ബ്ലോഗില്‍ ഇടുന്നില്ല! )

—എങ്കിലും സോദരാ, ഇളം കാറ്റിലെവിടെയോ തേങ്ങാക്കുലകളാടുന്നു—

~dhanesh

August 20, 2010
ഫലിതം

—ഓഫീസിലിരുന്നപ്പോള്‍ പെട്ടെന്ന് തോന്നിയ ഫലിതം—

ഹോട്ടലാണെന്ന് കരുതി ‘ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍‘ കയറിയ വൃദ്ധന്‍ രാജാവിനോട്.
“എന്തുണ്ട്?”
അപ്പോള്‍ രാജാവ്..
“മസാലദോശയും നെയ്‌റോസ്റ്റും..
രണ്ടും ഓരോ പ്ലേറ്റെടുക്കട്ടെ?” (രാജാവ് ‘വടക്കുനോക്കിയന്ത്രം‘ കണ്ടിട്ടുണ്ടായിരുന്നു)

അപ്പോള്‍ വൃദ്ധന്‍
“ആയിക്കോട്ടെ”
തിരിച്ച് നടന്നു തുടങ്ങിയ രാജാവിനെ വിളിച്ച് വീണ്ടും വൃദ്ധന്‍..
“വട വേണ്ടാട്ടോ.. വിനയന്റെ ‘യക്ഷിയും ഞാനും’ കണ്ടിട്ടു വരുന്ന വഴിയാ”

June 21, 2010
രാവണന്‍ റിവ്യൂ

“കഥയെക്കുറിച്ചൊന്നും ചിന്തിക്കരുത്.. ചുമ്മാ പോയി കാണുക…” അത്ര നല്ല പടം അല്ല എന്ന അഭിപ്രായം കേട്ടിട്ടും, രാവണന്‍ കാണാന്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ കരുതിയത് ഇതാണ്.

അതേതായലും നന്നായി..നിരാശപ്പെടേണ്ടി വന്നില്ല.

സിനിമ ‘കാണുക‘ എന്നത് മാത്രമാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ നിങ്ങള്‍ക്കും ആസ്വദിച്ച് കാണാവുന്ന ഒരു പടം തന്നെയാ‍ണ് രാവണന്‍. പക്ഷേ കഥയുടെ സാംഗത്യവും, സംഘട്ടനങ്ങളുടെ വിശ്വസനീയതയും ഒക്കെ ചിന്തിക്കുന്ന തരം ആസ്വാദനം ആണ് ഉദ്ദേശിക്കുന്നതെങ്കില്‍, കാണാന്‍ പോകണമെന്നും ഇല്ല… 

പടത്തില്‍ എടുത്തുപറയേണ്ട കാര്യം, സംവിധാനത്തിന്റെ മികവും ദൃശ്യങ്ങളുടെ ഭംഗിയും ആണ്..

ആതിരപ്പള്ളിയിലൊക്കെ എടുത്ത ഷോട്ടുകള്‍ കാണുമ്പോള്‍ ഇത്ര ഭഗിയുണ്ടോ ഈ ആതിരപ്പള്ളിക്ക് എന്ന് തോന്നിപ്പോകും.. അത്ര ഗംഭീരം.. അതുപോലെ പടത്തിലെ അവസാന സ്റ്റണ്ട് കാണിക്കുന്ന സ്ഥലമൊക്കെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒന്ന് കാണാന്‍ സാധിക്കുമോ എന്നും ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അഭിനയത്തിന്റെ കാര്യത്തില്‍, ഐശ്വര്യയേയും പൃഥ്വിരാജിനേയും ബഹുദൂരം പിന്നിലാക്കി കളഞ്ഞു വിക്രം!!

പുള്ളിയുടെ ഒരു രീതിക്ക് പറ്റിയ അല്പം എക്സെന്‍‌ട്രിക് സ്വഭാവം കാണിക്കുന്ന വീരയ്യ എന്ന കഥാപാത്രത്തെ വിക്രം അതിഗംഭീരമാക്കി. (അഭിഷേക് ബച്ചന്‍ ഇങ്ങനെ ഒരു പ്രകടനം നടത്തും എന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല)

ശക്തമായ നായികാ കഥാപാത്രത്തോട് ഐശ്വര്യയും നീതി പുലര്‍ത്തി..

നമ്മുടെ രാജുമോനും കിടിലം ആയിരുന്നു…

(ഇവരേക്കാള്‍ കയ്യടി നേടിയത് പക്ഷേ, നിത്യാനന്ദ ഫെയിം(?) ‘രഞ്ചിത’ മുഖം(മുഖവും) കാണിക്കുന്ന ഒരേയൊരു സീന്‍ ആയിരുന്നു..കഷ്ടം)

മറ്റുറോളില്‍ വന്നവരും നല്ലരേതിയില്‍ തന്നെ സപ്പോറ്ട്ട് ചെയ്തു..

പക്ഷേ രാമായണത്തിന്റെ കഥയുമായി, അനാവശ്യമായി സാമ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കഥയെ പലയിടത്തും അലങ്കോലമാക്കി എന്നതും വിസ്മരിച്ചുകൂടാ..

എന്തായാലും എനിക്ക് പടം ഇഷ്ടപ്പെട്ടു..

ഒരു പ്രത്യേക അറിയിപ്പ്:

പടത്തിലെ തമിഴ് (വാക്കുകളും സ്ലാങ്ങും) ഇത്തിരി കട്ടിയായി തോന്നി.. പൊതുവേ നന്നായി തമിഴ് മനസിലാകും എന്ന്  അഹങ്കരിക്കുന്ന എനിക്ക് ചിലപ്പോഴെങ്കിലും വാചകങ്ങളുടെ അര്‍ത്ഥം ഊഹിക്കേണ്ടിവന്നു!

June 14, 2010
ലോകകപ്പ് വിശേഷങ്ങള്‍..

6x4 ഫ്രെയിമില്‍ ഉറപ്പിച്ച തകിടുകൊണ്ടുള്ള ബോര്‍ഡില്‍ പച്ച ബാക്ഗ്രൌണ്ടില്‍ നീല ജേഴ്സിയണിഞ്ഞ റൊബര്‍ട്ടോ ബാജിയോയുടെ ചിത്രം.. 94-ല്‍ ലോകകപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് നാട്ടില്‍ ക്ലബിനു മുന്നില്‍ റോഡ് സൈഡില്‍വച്ചിരുന്ന, ചുവട്ടില്‍ ‘ജി.വി. രാജ സ്പോര്‍ട്സ് ക്ലബ് പൂഞ്ഞാര്‍’ എന്നും സൈഡില്‍ ചെറിയ അക്ഷരത്തില്‍, ‘ഡോണാ‘(പെയ്ന്ററുടെ സ്ഥാപനത്തിന്റെ പേര്) എന്നും എഴുതിയിയിരുന്ന ആ ബോര്‍ഡാണ്, എന്നെ സംബന്ധിച്ച്, ലോകകപ്പിനെക്കുറിച്ചുള്ള ഏറ്റവും പഴയ ഓര്‍മ്മ!

ആധുനിക സങ്കേതങ്ങളുടെ കടന്നുവരവോടെ തകരബോര്‍ഡുകള്‍ വെറും തകരപ്പാട്ടകളായിമാറുകയും അതില്‍ പടം വരക്കുന്ന കലാകാരന്മാര്‍ മറ്റു പല സമാന ജോലികളിലേക്കും തിരിയുകയും ഒക്കെ ചെയ്തങ്കിലും, ലോകകപ്പ് എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരാനായി, അല്പം പോലും തുരുമ്പെടുക്കാതെ ഈ ബാജിയോ ചിത്രം ഇന്നും ഓര്‍മ്മയിലുണ്ട്..

——

അടുത്തകാലത്തായി എവിടെയും ഫ്ലക്സ് ബോര്‍ഡുകളാണ് താരങ്ങള്‍.. പാര്‍ട്ടി സമ്മേളനങ്ങളുടെ പരസ്യം, ലോക്കല്‍ കടകളുടെ ബോര്‍ഡ്, എന്ന് വേണ്ട ഒരു ചെറിയ കവലയില്‍ പോലും, വഴിയോരത്തും, കെട്ടിടത്തിനുമുകളിലും ആയി മിനിമം അന്‍പത് ബോര്‍ഡെങ്കിലും കാണും(കുറയ്ക്കണോ?)..

കഴിഞ്ഞ ദിവസം നാ‍ട്ടില്‍ പോയവഴിയില്‍ പെട്ടെന്ന് ശ്രദ്ധിച്ചത് ‘വിദ്യാഭ്യാസ പ്രതിഭാസംഗമം’ എന്നെഴുതിയ ബോര്‍ഡാണ്.. സ്കൂളില്‍ പത്തിലും പ്ലസ്‌ടുവിലും ഉന്നതവിജയം നേടിയ കുട്ടികളെയും, ഒപ്പം നാടിന്റെ അഭിമാനമായ സിവില്‍ സര്‍വീസ് ജേതാവിനെയും അനുമോദിക്കുന്ന ചടങ്ങ്..

അങ്ങനെ പലപല ബോര്‍ഡുകള്‍ കാണുന്നതിനിടയില്‍ ഈരാറ്റുപേട്ടയില്‍ കണ്ട ഒരു ബോര്‍ഡില്‍, എന്റെ കൂടെ ഒന്‍പതാം ക്ലാസ് വരെ പഠിച്ച ഒരു സുഹൃത്തിന്റെ ഫോട്ടോ! ദൈവമേ ഇനി ഇവനും ഐ.എ.എസ് കിട്ടിയോ?(അവന്‍ ഒന്‍പതില്‍ വച്ച് പഠിത്തം നിര്‍ത്തി ചേട്ടന്റെ കൂടെ തടി കച്ചവടത്തിനിറങ്ങി എന്ന് അറിയാം.. പിന്നെ കാര്യമായ വിവരം ഒന്നുമില്ല)..

അവന്‍ ഉള്‍പ്പടെ ഒരു അഞ്ചെട്ട് ചെറുപ്പക്കാരുടെ കിടിലന്‍ പടങ്ങള്‍, ഒരു ബോര്‍ഡില്‍!! ഈ സുന്ദരന്മാരുടെ നടുക്ക്, (അതിന്റെ പകുതി വലിപ്പത്തില്‍) ഒരു ചെറിയേ പടം..

ആ ആളെ നമ്മള്‍ അറിയും.. നമ്മുടെ ഫുട്ബോള്‍ കളിക്കാരന് ‘ലയണല്‍ മെസ്സി‘!!!

സംഭവം മറ്റൊന്നുമല്ല! അര്‍ജന്റീന ഫാന്‍സിന്റെ ബോര്‍ഡാണ്.. അതില്‍, നിറഞ്ഞ് നില്‍ക്കുന്നത് ഫ്ലക്സടിപ്പിക്കാന്‍ കാശ് മുടക്കിയവരാണെന്ന് മാത്രം!! കേരളാകോണ്‍ഗ്രസ് (ലയിച്ചത്) ഭാരവാഹികളുടെ സ്ഥാനപ്പേര് പോലെ കുറെ ജനറല്‍ സെക്രട്ടറിയും സെക്രട്ടറി ജനറലും എല്ലാമുണ്ട്..

തിരിച്ച് തിരുവനന്തപുരത്തേക്കുള്ള വഴി പലസ്ഥലത്തും സമാനമായ ബ്രസീല്‍ അര്‍ജന്റീനാ ബോര്‍ഡുകള്‍ കാണേണ്ടിവന്നു.. നമ്മുടെ നാട്ടിലും കായികപ്രേമികളുണ്ട് എന്ന് സന്തോഷിക്കാന്‍ എന്തോ ഈ ഫ്ലക്സുകള്‍ കണ്ടിട്ട് സാധിച്ചില്ല… ദാറ്റ്സ് ഓള്‍..

(പെട്ടെന്നുണ്ടായ ഒരു വികാരത്തില്‍ എഴുതിപ്പോയതാ. ക്ഷമി.)

Liked posts on Tumblr: More liked posts »